Wednesday, January 15, 2014

എന്‍. എസ്. എസിനു വേണ്ടി കുര്യന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡില്‍ !!!!!




ന്യൂഡല്‍ഹി: മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രഫ.പി.ജെ. കുര്യന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെയാണ്, നായര്‍ സര്‍വീസ് സൊസൈറ്റി നേതൃത്വവുമായി അടുത്ത ബന്ധമുള്ള പി.ജെ. കുര്യന്‍െറ രാഷ്ട്രീയ നീക്കം.


എന്‍.എസ്.എസിനും ഹൈകമാന്‍ഡിനുമിടയിലെ പാലമെന്ന നിലയിലാണ് വിഷയം പി.ജെ. കുര്യന്‍െറ നിവേദനമായി കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് മുന്നില്‍ എത്തിയത്. കോണ്‍ഗ്രസുമായി അകലം പാലിച്ചു നില്‍ക്കുന്ന എന്‍.എസ്.എസ് നേതൃത്വത്തിന്‍െറ പ്രധാന ആവശ്യങ്ങളിലൊന്നാണ് മുന്നാക്ക സംവരണം. ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെയാണ്, കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന എന്‍.എസ്.എസ് നേതൃത്വത്തിന്‍െറ താല്‍പര്യം പി.ജെ. കുര്യന്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിനു മുമ്പാകെ വെച്ചത്.


എന്‍.എസ്.എസിനെക്കുറിച്ച് നിവേദനത്തില്‍ ഒന്നും പറയുന്നില്ല. അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സ്ഥിതി പഠിച്ച സിന്‍ഹു കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് സോണിയയെ കണ്ട് പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു. 2010 ജൂലൈയില്‍ സിന്‍ഹു കമീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തീരുമാനമൊന്നും ആയിട്ടില്ല. ‘മുന്നാക്ക ജാതി’ക്കാര്‍ എന്നു പറയുമ്പോള്‍ തന്നെ, ഇവരില്‍ വലിയൊരു വിഭാഗം സാമ്പത്തികമായി ദരിദ്രരാണ്. മുന്നാക്ക വിഭാഗത്തില്‍ പിറന്നതിന്‍െറ പേരില്‍ സര്‍ക്കാറിന്‍െറ ഒരു സഹായവും കിട്ടാത്ത സ്ഥിതിയാണിന്ന്.


മുന്നാക്കക്കാരിലെ വലിയൊരു വിഭാഗം സാമൂഹിക പുരോഗതിയുടെ കാര്യത്തില്‍ ഏറെ പിന്നിലാണെന്ന് പി.ജെ. കുര്യന്‍ നിവേദനത്തില്‍ പറഞ്ഞു. അങ്ങേയറ്റം ദരിദ്രരാണെങ്കിലും സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ഇവര്‍ക്ക് കിട്ടുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. (15/ജനവരി)

0 comments:

Post a Comment