Wednesday, January 15, 2014

സ്വാമി ചിന്മയാനന്ദ



ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതത്തിന്റെ ആദ്ധ്യാത്മികനഭോമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്ന്, അജ്ഞാനാന്ധകാരത്തില്‍ വഴികാണാതെ അലഞ്ഞിരുന്ന ഒരു ജനതയെ ശ്രേയോമാര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയ ജ്ഞാനസൂര്യനായിരുന്നു സംപൂജ്യ ചിന്മയാനന്ദസ്വാമികള്‍. വിവേകാനന്ദസ്വാമികള്‍ വിഭാവനം ചെയ്തിരുന്ന “വേദോപനിഷത്തുകളിലെ ജ്ഞാനം ജനങ്ങളിലെത്തിക്കുക” എന്ന ലക്ഷ്യം നിറവേറ്റുന്നതിന് സ്വാമി ചിന്മയാനന്ദന്‍ ഗണ്യമായ സംഭാവനയാണ് നല്കിയിട്ടുള്ളത്. ഉപനിഷത്തുകളിലെ ഋഷിമാരുടെ ദിവ്യസന്ദേശം ജനഹൃദയങ്ങളിലെത്തിക്കുവാനും, പാശ്ചാത്യസംസ്കാരത്തിന്റെ പുറംമോടിയില്‍ മതിമറന്ന് പൈതൃകസംസ്കാരത്തെ തികച്ചും വിസ്മരിച്ചു ജീവിതം നയിച്ചിരുന്ന വിദ്യാസമ്പന്നരില്‍ നല്ലൊരു പറ്റം ആളുകളെ ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ അജ്ഞാനനിദ്രയില്‍ നിന്നുണര്‍ത്തുന്നതിനും, വേദാന്തദര്‍ശനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു. സര്‍വ്വസംഗപരിത്യാഗിയും, ജ്ഞാനിയും, ഉത്തമഭക്തനും, കര്‍മ്മയോഗിയുമായിരുന്ന സ്വാമികളുടെ ചില തിരഞ്ഞെടുത്ത ഉപദേശങ്ങളാണ് അമൂല്യവാണികള്‍ എന്ന ലഘുപുസ്തകത്തിന്റെ ഉള്ളടക്കം. ദുഃഖിതനു ദുഃഖമോചനം നേടുവാനും, ആത്മവിശ്വാസമില്ലാത്തവര്‍ക്ക് ആത്മവിശ്വാസം കൈവരിക്കുവാനും, ആദ്ധ്യാത്മികമായി ഉന്നതി പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴി കണ്ടെത്തുവാനും ഈ കൃതി സഹായകമാകും.

അഹം ബുദ്ധി

ജപത്തിലൂടെയും ധ്യാനത്തിലൂടെയും ഏറ്റവുമധികം വികാരാവിഷ്ഠനായ ഒരാള്‍ക്ക്‌ ഭക്തിപന്ഥാവിലൂടെ തന്റെ ഉപാസനാമൂര്‍ത്തിയുടെ കാല്‍ത്താരുകളില്‍ വ്യക്തിനിഷ്ഠമായ ‘അഹംബുദ്ധി’യെ അധികമധികം അടിയറവയ്ക്കാന്‍ കഴിയും. തന്റെ ആരാധനാമൂര്‍ത്തിയുമായുള്ള ഗൂഢസ്നേഹബന്ധത്തിന്റെ പരമോച്ചാവസ്ഥയില്‍ ഭക്തിപൂര്‍ണമായ അവന്റെ മനസ്സ്‌ ഇന്ദ്രിയഭോഗ്യവസ്തുക്കളിലൊന്നും അലഞ്ഞുതിരിയാതെ ഐശ്വര്യചിന്തയില്‍ മാത്രം വ്യാപൃതമായിത്തീരുകയും അതില്‍തന്നെ അലിഞ്ഞുചേരുന്ന പാവനമുഹൂര്‍ത്തം ഇങ്ങനെ സംജാതമാകുകയും ചെയ്യുന്നു.

ഏകാഗ്രതയുടെ ഉച്ചാവസ്ഥയില്‍ ഭക്തന്‍ ബാഹ്യലോകത്തെ തികച്ചും വിസ്മരിക്കുകയും ഭൗതിക ശരീരത്തില്‍ നിന്നും തന്റെ ശ്രദ്ധയെ പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്യുന്നു. ഇങ്ങനെ മാഹാത്മ്യമേറിയതും ഈശ്വരപരവുമായ ഏകാഗ്രചിന്തയില്‍ ദൃഢബദ്ധമായിരിക്കുമ്പോള്‍ ആ ഭക്തന്റെ മനസ്സ്‌ പവിത്രമായ ആ ‘സ്ഫുടം വയ്ക്ക’ ലില്‍ അപ്രത്യക്ഷമായിത്തീരുകയും അതിനെ തുടര്‍ന്ന്‌ അവര്‍ണ്യവും പരിപൂര്‍ണവുമായ ദിവ്യതേജോരാശിയായി പരിവര്‍ത്തനംചെയ്യപ്പെടുകയും ചെയ്യുന്നു. മാനസപാരാവാരങ്ങള്‍ക്കപ്പുറമാണ്‌ ആത്മാവിന്റെ ജീവന്റെ സാമ്രാജ്യം സ്ഥിതി ചെയ്യുന്നത്‌.

0 comments:

Post a Comment