Thursday, March 6, 2014

കസ്തൂരി രംഗന്‍ ; നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വീരപ്പ മൊയ്‌ലി

  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി. നവംബര്‍ 13ലെ ഉത്തരവ് ഭേദഗതി ചെയ്താണ് ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത്. അന്തിമ തീരുമാനം വരെ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. ഇളവുകള്‍ ഓഫീസ് മെമ്മോറാണ്ടത്തോടെ നിലവില്‍ വന്നുകഴിഞ്ഞു. കരട് വിജ്ഞാപനത്തിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ബാധകമല്ല. പെരുമാറ്റചട്ടം വരുന്നതിന് മുമ്പെടുത്ത തീരുമാനമാണിതെന്നും മൊയ്‌ലി പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് 2013 നവംബര്‍ 13ന് ഇറക്കിയ ഉത്തരവിലാണ് കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമെന്ന് കേന്ദ്രം നിര്‍ണ്ണയിച്ചിരുന്നത്. ഉത്തരവ് പരിഷ്‌കരിച്ചു കൊണ്ട് ഡിസംബര്‍ 20ന് ഇറക്കിയത് ഓഫീസ് മെമ്മോറാണ്ടം മാത്രമാണെന്നും നവംബര്‍ 13ലേതാണ് യഥാര്‍ത്ഥ ഉത്തരവെന്നുമായിരുന്നു ഇതുവരെ കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രത്തിന്റെ ഈ നിലപാട് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് മൊയ്‌ലി അറിയിച്ചിരിക്കുന്നത്.  ഉത്തരവ് പിന്‍വലിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്രം തീരുമാനം. ഉത്തരവ് പിന്‍വലിച്ച സാഹചര്യത്തില്‍ പരിസ്ഥിതി ലോല മേഖലകളിലുള്ള നിയന്ത്രണം ഒഴിവാകും. അതേസമയം, കരട് വിജ്ഞാപനം നിയമവകുപ്പിന് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് നിയമമന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. കരട് വിജ്ഞാപനം ഇറക്കണമെങ്കില്‍ നിയമമന്ത്രാലയത്തിന്റെ അംഗീകാരം വാങ്ങണം. ഇതുവരെയും അതിന് വേണ്ടി ഫയല്‍ നിയമമന്ത്രാലയത്തിലേക്ക് അയച്ചിട്ടില്ല. നിയമമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതിന് കാലതാമസമെടുക്കും. ഇതേസമയം കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം ഇന്നുതന്നെ പുറത്തിറക്കുമെന്ന നിലപാടില്‍ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പിറകോട്ട് പോയി. വിജ്ഞാപനം നാളെ ഇറങ്ങുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.




0 comments:

Post a Comment