മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുറ്റാരോപിതര്‍ ഇടം നേടുന്നത് കഴിവുകേടാണ് കാണിക്കുന്നതെന്ന് ഹൈക്കോടതി. ഇത്തരക്കാരെ നിയമിക്കുന്നവര്‍ക്ക് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവുമോയെന്നും ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് ചോദിച്ചു. സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസിലെ വാദം നടക്കവേയാണ് കോടതി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്. പല സംഭവങ്ങളും മാധ്യമ സൃഷ്ടിയാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ചും കോടതി ചോദ്യമുന്നയിച്ചു. സരിത ഉള്‍പ്പെട്ട വിവാദത്തില്‍ പോലീസ് അന്വേഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജീവനക്കാരനെതിരെ നടപടി എടുത്തു. തട്ടിക്കൊണ്ടുപോകല്‍ വിവാദത്തില്‍ കോഴിക്കോട്ട് പോലീസ് ഇടപെട്ട സംഭവവും കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് സംഭവം നടക്കുമ്പോഴേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതു ജീവിതത്തില്‍ ധാര്‍മികത ഇല്ലാതാവുകയാണെന്ന് കോടതി വിലയിരുത്തി. മുമ്പ് തീവണ്ടിദുരന്തം പോലുള്ള സംഭവങ്ങളുടെ പോലും ധാര്‍മിക ഉത്തരവാദിത്വമേറ്റ് മന്ത്രിമാര്‍ രാജിവെക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത്തരം ധാര്‍മികത കാണാനില്ലെന്നും ഈ സാഹചര്യത്തില്‍ നേതാക്കളില്‍ നിന്ന് ജനങ്ങള്‍ക്ക് എന്താണ് പ്രതീക്ഷിക്കാനാവുകയെന്ന് കോടതി ആരാഞ്ഞു. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥനായ തന്റെ ഫോണിലേക്ക് പലരും വിളിക്കാറുണ്ടെന്ന് സലിംരാജ് പറഞ്ഞിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ദിനേഷ് ഷേണായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സലിം രാജിന്റെ ഫോണില്‍ നിന്ന് പിന്നീടുള്ള വിളി മുഖ്യമന്ത്രിയുടേതായി തെറ്റിദ്ധരിച്ചേക്കാമെന്നും ദുരുപയോഗ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അപ്പോളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുറ്റാരോപിതര്‍ വരുന്നതിനെ കോടതി വിമര്‍ശിച്ചത്.
കടകംപിള്ളിയിലെയും കളമശ്ശേരിയിലെയും ഭൂമിതട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രേംചന്ദ് ആര്‍. നായരും ഷെരീഫയും മറ്റും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയിലെ വാദം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. എതിര്‍കക്ഷികള്‍ക്ക് അന്തിമ വാദത്തിനായി ഹര്‍ജി ബുധനാഴ്ചയ്ക്ക് മാറ്റി.







0 comments:
Post a Comment