Sunday, March 9, 2014

ഗഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും...

ഒമാനിലെ ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ എംഡി ഗള്‍ഫാര്‍ മുഹമ്മദലിക്ക് അഴിമതിക്കേസില്‍ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 5 കേസുകളിലായി മസ്‌കറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയടക്കം 2.4 മില്ല്യണ്‍ ഒമാനി റിയാല്‍ കെട്ടിവെച്ച മുഹമ്മദലിക്ക് കോടതി ജാമ്യം അനുവദിച്ചു. ഒമാനില്‍ എണ്ണ വിതരണ പൈപ്പ് ലൈന്‍ കരാര്‍ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ കേസുകളിലാണ് പ്രമുഖ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 5 കേസുകളിലായി മസ്‌കറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 വര്‍ഷം തടവിനൊപ്പം ഗള്‍ഫാര്‍ മുഹമ്മദലി 1.7 മില്ല്യണ്‍ ഒമാനി റിയാല്‍(27 കോടിയോളം രൂപ) പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കി. ഇതേ കേസുകളില്‍ ഉള്‍പ്പെട്ട ഗള്‍ഫാര്‍ ഗ്രൂപ്പ് ഒയില്‍ ആന്റ് ഗ്യാസ് വിഭാഗം വൈസ് പ്രസിഡന്റിനും 15 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. ഒമാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണപ്രകൃതി വാതക സ്ഥാപനമായ പെട്രോളിയം ഡെവലെപ്‌മെന്റ് ഓഫ് ഒമാനിലെ (പിഒഡി) ഉദ്യോഗസ്ഥരാണ് കേസില്‍ കുറ്റക്കാരായ മറ്റു അഞ്ച് പ്രതികള്‍. പിഒഡി മുന്‍ ജനറല്‍ മാനേജര്‍ സാദിഖ് സുലൈമാന്‍ന് ആറ് വര്‍ഷം തടവും രണ്ട് ലക്ഷം ഒമാനി റിയാല്‍ പിഴയും സാലിഹ് നഹിദാ എണ്ണപ്പാടത്തിലെ മുന്‍ പ്രൊജക്ട് മാനേജറും കേസില്‍ മറ്റൊരു പ്രതിയുമായ മുഹമ്മദ് അല്‍ മസ്‌ക്കറ്റിക്ക് മൂന്ന് വര്‍ഷം തടവും ഒന്നര ലക്ഷം ഒമാനി റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്. മുന്‍ പ്രൊജക്ട് മേധാവി നാസര്‍ അല്‍ അലാവിക്ക് മൂന്ന് വര്‍ഷം തടവും 24000 ഒമാനി റിയാല്‍ പിഴയും നോര്‍ത്ത് സെക്ടര്‍ കരാര്‍ മേധാവി ഖാലിദ് അല്‍ ഖറാദിക്ക് മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം ഒമാനി റിയാല്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. നോര്‍ത്ത് സെക്ടര്‍ മേധാവി സെയ്ഫ് അല്‍ ഹനാനിക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം ഒമാനി റിയാല്‍ പിഴയുമാണ് ശിക്ഷ. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ മറ്റൊരു പ്രതിയായ സ്മാര്‍ട്ട് ടെക്‌നിക്കല്‍ സര്‍വീസ് കമ്പനിയുടെ സിഇഒ ബാസില്‍ മക്കിയ്ക്ക് രണ്ട് വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട ഗള്‍ഫാര്‍ കമ്പനിയിലെ ഉദ്യേഗസ്ഥരെ ശിക്ഷയനുഭവിച്ചതിന് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ മൂന്ന് ലക്ഷം ഒമാനി റിയാല്‍ പിഴയുമടക്കണം. കൈക്കൂലി വാങ്ങല്‍, അധികാര ദുര്‍വിനിയോഗം, പൊതു പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അപ്പീല്‍ പോകണമെങ്കില്‍ ഒരു ലക്ഷം ഒമാനി റിയാല്‍ കെട്ടിവെക്കണം നേരത്തെ സമാനമായ മറ്റൊരു കേസില്‍ ഗള്‍ഫാര്‍ മുഹമ്മദലിക്ക് 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ ജാമ്യം നേടിയെങ്കിലും കോടതി വിധിയെത്തുടര്‍ന്ന് മുഹമ്മദലി ഗള്‍ഫാര്‍ ഗ്രൂപ്പ് എംഡി സ്ഥാനം ഒഴിഞ്ഞിരുന്നു. 5 കേസുകളിലായി ഇന്ന് ശിക്ഷാ വിധി പുറത്തുവന്നതോടെ പിഴത്തുകയടക്കം 2.4 മില്ല്യണ്‍ ഒമാനി റിയാല്‍ കെട്ടിവെച്ച മുഹമ്മദലിക്ക് കോടതി ഈ കേസുകളിലും ജാമ്യം അനുവദിച്ചു.




0 comments:

Post a Comment