Monday, February 17, 2014

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം.

അണ്ടര്‍ 19 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 89 റണ്‍സ് വിജയലക്ഷ്യം 22.3 ഓവറില്‍ അഞ്ചു വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടന്നു. 45 റണ്‍സെടുത്ത സര്‍ഫറസ് ഖാനും 24 റണ്‍സെടുത്ത ദീപക് ഹൂഡയുമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്. അഞ്ചിന് 22 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഇരുവരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്. അതേസമയം മലയാളികളുടെ ഇഅഭിമാന താരം സഞ്ജു സാംസണ് ഏഴു റണ്‍സേ ഇന്ന് നേടാന്‍ സാധിച്ചുള്ളൂ. നേരത്തെ, കുല്‍ദീപ് യാദവിന്റെ ഹാട്രിക് മികവിലാണ് ഇന്ത്യ സ്‌കോട്‌ലന്‍ഡിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ഡിന് 13 റണ്‍സെടുക്കുന്നതിനിടെ ആദ്യവിക്കറ്റ് നഷ്ടമായി. പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 44 റണ്‍സെടുത്ത ഓപ്പണര്‍ ആന്‍ഡ്രൂ ഉമീദിനു മാത്രമേ സ്‌കോട്ടിഷ് നിരയില്‍ പിടിച്ചുനില്ക്കാനായുള്ളൂ. മുന്‍നിരതാരങ്ങളടക്കം ഒമ്പതുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. വാലറ്റത്ത് 16 റണ്‍സെടുത്ത ഗാവിന്‍ മെയ്‌നിന്റെ പ്രകടനം കൂടിയില്ലായിരുന്നുവെങ്കില്‍ സ്‌കോട്ടിഷ് പടയുടെ നില കൂടുതല്‍ ദയനീയമായേനെ. ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ്, ആമിര്‍ ഗാനി എന്നിവര്‍ നാലു വിക്കറ്റ് വീതമെടുത്തു. ആദ്യമത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.


0 comments:

Post a Comment