ആന്ധ്രയെ വിഭജിച്ച് തെലങ്കാന രൂപീകരിക്കുന്നതിനുള്ള ബില്ലാണ് ലോക്‌സഭ പാസ്സാക്കിയത്. ശബ്ദവോട്ടെടുപ്പോടെയാണ് ബില്‍ പാസ്സാക്കിയത്.ബില്‍ പാസാക്കിയതിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബിജെപിയുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ബിജെപി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സിപിഎം, സമാജ്‌വാദി പാര്‍ട്ടി, തെലുങ്കാന വിരുദ്ധ എംപിമാര്‍ എന്നിവര്‍ ശക്തമായ എതിര്‍പ്പുമായി സഭയില്‍ ബഹളം വെച്ചു. ഇനി രാജ്യസഭ ബില്‍ പാസാക്കിയ ശേഷം രാഷ്ടപ്രതി ഒപ്പുവെച്ചാല്‍ തെലുങ്കാന എന്ന പുതിയ സംസ്ഥാനം ഇന്ത്യയില്‍ രൂപീകൃതമാകും. തെലങ്കാന രൂപീകരണത്തിനെതിരായ സീമാന്ധ്ര എംപിമാരുടെ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസ്സാക്കിയത്. ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ തന്നെ എതിര്‍പ്പുമായി സീമാന്ധ്ര എംപിമാര്‍ രംഗത്തെത്തിയിരുന്നു. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു. പ്രക്ഷോഭം ശക്തമായതോടെ പാര്‍ലമെന്റില്‍ നിന്നുള്ള തത്സമയ സംപ്രേഷണവും നിര്‍ത്തിവെച്ചിരുന്നു. അതേസമയം തെലങ്കാനാ രൂപീകരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി നാളെ രാജിവെക്കും. രാജിവെച്ച ശേഷം കിരണ്‍കുമാര്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ആന്ധ്ര പ്രദേശ് മന്ത്രി ഇരശു പ്രതാപ് റെഡ്ഡി പറഞ്ഞു. ബില്ലിന്‍ മേലുള്ള ചര്‍ച്ച ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം മൂലം 12.45 വരെ സഭ നിര്‍ത്തിവെച്ചു. തുടര്‍ന്ന് 12.45ന് വീണ്ടും ബഹളം മൂലം 3 മണി വരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. രാജ്യസഭ രണ്ട് മണി വരെയാണ് നിര്‍ത്തിവെച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ഐക്യ ആന്ധ്രാ അനുകൂലികളാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരുന്നത്. വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ ബില്‍ അവതരിപ്പിച്ചില്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാട്. ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത സീമാന്ധ്ര മേഖലയില്‍ നിന്നുള്ള 17 എംപിമാരെ സസ്‌പെന്റ് ചെയ്തിരുന്നു.

0 comments:
Post a Comment