Thursday, February 20, 2014

ടോള്‍ ബൂത്തുകളില്‍ വീണ്ടും എംഎന്‍എസ് ആക്രമണം.

താനെയിലെ ഖാരെഗാന്‍ ടോള്‍ ബൂത്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ടോള്‍ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ടോള്‍ നല്‍കാന്‍ വിസമ്മതിച്ച പ്രവര്‍ത്തകര്‍ ടോള്‍ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. എംഎന്‍എസ് വനിതാ നേതാവ് ഷാ ഗുപ്ത പിംപിളിന്റെ കാര്‍ ടോള്‍ ബൂത്തില്‍ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എംഎന്‍എസ് നേതാവ് രാജ് താക്കറെയെ തനിക്ക് അറിയില്ലെന്നു കൂടി ടോള്‍ ജീവനക്കാരന്‍ പറഞ്ഞതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരാകുകയായിരുന്നു. പാര്‍ട്ടിയുടെ കല്യാണ്‍ യൂണിറ്റിന്റെ വൈസ് പ്രസിഡന്റാണ് പിംപിള്‍. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കല്‍വ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോകുന്നതിനിടെയാണ് സംഭവമുണ്ടായത് . ടോള്‍ ബൂത്ത് അക്രമിച്ച പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളും തല്ലിത്തകര്‍ത്തു. മഹാരാഷ്ട്രയില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തില്‍ അക്രമം നടത്തിയ സംഭവങ്ങള്‍ നിരവധിയാണ്. ടോള്‍ പിരിവ് സംബന്ധിച്ച് എംഎന്‍എസ് നേതാവ് രാജ് താക്കറെ സര്‍ക്കാരിനെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു. ടോള്‍ നല്‍കേണ്ടതില്ലെന്നും ബലം പ്രയോഗിച്ച് ടോള്‍ പിരിക്കുന്ന കോണ്‍ട്രാക്റ്റര്‍മാരുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുമെന്നും താക്കറെ നേരത്തേ വ്യക്തമാക്കിയിരുന്നു. ടോള്‍ ബൂത്തുകള്‍ അക്രമിച്ചുണ്ടാകുന്ന നഷ്ടം നികത്താന്‍ താക്കറെയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രി ആര്‍.ആര്‍. പാട്ടീലും പറഞ്ഞിരുന്നു.



0 comments:

Post a Comment