Monday, February 24, 2014

ചങ്ങനാശ്ശേരി നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മന്നം സമാധിദിനാചരണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ഇന്ന് ആചരിക്കും





ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 44-ാമത് ചരമവാര്‍ഷികം ചൊവ്വാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ആചരിക്കും. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തും താലൂക്ക് യൂണിയന്‍, കരയോഗ കേന്ദ്രങ്ങളിലും സമാധിദിനാചരണം നടക്കും. വിവിധ ജില്ലകളില്‍നിന്നായി ആയിരങ്ങള്‍ പദയാത്രയായി സമുദായാചാര്യന്റെ പെരുന്നയിലെ സമാധിമണ്ഡപത്തില്‍ എത്തും. പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനത്തെ മന്നംസമാധിമണ്ഡപത്തില്‍ രാവിലെ മുതല്‍ ഭക്തിഗാനാലാപനവും പുഷ്പാര്‍ച്ചനയും ഉപവാസവും സമൂഹപ്രാര്‍ത്ഥനയും ഉണ്ടാകും. രാവിലെ 6 മണിമുതല്‍ സമുദായാചാര്യന്‍ ഇഹലോകവാസം വെടിഞ്ഞ രാവിലെ 11.45 വരെ നടക്കുന്ന പരിപാടികളില്‍ യൂണിയന്‍ കരയോഗഭാരവാഹികളും എന്‍.എസ്.എസ്. നായകസഭാംഗങ്ങളും പങ്കെടുക്കും. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നേതൃത്വംനല്‍കും.
മന്നം സമാധിമണ്ഡപത്തില്‍ നടക്കുന്ന ചരമവാര്‍ഷികദിനാചരണപരിപാടികളില്‍ പങ്കെടുക്കാനാകാതെ വരുന്നവര്‍ക്കായി സംസ്ഥാനത്തെ എല്ലാ എന്‍.എസ്.എസ് യൂണിയനുകളുടെയും കരയോഗങ്ങളുടെയും നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ 11.45 വരെ സമുദായാചാര്യന്റെ ചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും സംഘടിപ്പിക്കും. സമാധിദിനാചരണത്തിന്റെ ഭാഗമായി എന്‍.എസ്.എസ്. പ്രതിജ്ഞ ആചാര്യനുസ്മരണയോടെ എല്ലാവരും പുതുക്കും.

0 comments:

Post a Comment