Sunday, February 23, 2014

നിലമ്പൂര്‍ കൊലപാതകം ; കേസ് അന്വേഷണം എഡിജിപി സന്ധ്യയ്ക്ക്.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി  കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട  കേസ് അന്വേഷണം ഇനി എഡിജിപി ബി.സന്ധ്യയുടെ  നേതൃത്വത്തിലായിരിക്കുമെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്  മലപ്പുറത്ത് സംസാരിക്കവേയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.  ഇതുവരെ തൃശൂര്‍ റേഞ്ച് ഐ.ജി. ഗോപിനാഥിനായിരുന്നു അന്വേഷണ ചുമതല. വനിതാ ഐജിമാരില്ലാത്തതിനാലാണ് സന്ധ്യക്ക് അന്വേഷണ ചുമതല നല്‍കിയതെന്നും ഐ.ജി ഗോപിനാഥും സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഉണ്ടായിരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ അന്വേഷണസംഘത്തിലേയ്ക്ക് എടുക്കാന്‍ ബി.സന്ധ്യയ്ക്ക് അധികാരമുണ്ടായിരിക്കും. കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം വനിതാ ഐജിയെ ഏല്‍പ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ആഴ്ചകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന സ്ത്രീയുടെ മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് പൊലീസ് പിടിയിലായ പ്രതികളിലൊരാളായ ബിജു നായര്‍. കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിനുള്ളില്‍ വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലൈഗീകപീഡനത്തിനു പുറമെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തൊണ്ടി സാധനങ്ങളും തെളിവെടുപ്പിന്റെയും ഡമ്മി പരിശോധനയുടെയും വീഡിയോ ദൃശ്യങ്ങളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സ്ത്രീയുടെ ബന്ധുക്കള്‍ വീട് സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.



0 comments:

Post a Comment