ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് യൂണിയന്റെ എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച വൈകിട്ട് മൂന്നിന് എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ എന്‍.എസ്.എസ്. ശതവാര്‍ഷികാചരണത്തിന്റെ താലൂക്ക്തല ഉദ്ഘാടനം നിര്‍വ്വഹിക്കും. യൂണിയന്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. പി.എന്‍.സുരേഷ് ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവും ജീവകാരുണ്യനിധി സമാഹരണ ഉദ്ഘാടനവും നിര്‍വ്വഹിക്കും. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ.പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിക്കും.
ഒരുകോടി രൂപയുടെ ശതാബ്ദി സ്മാരക ജീവകാരുണ്യനിധി സമാഹരിക്കും. അഗതികളും അശരണരും ആലംബഹീനരും ഭവനരഹിതരും ഉള്‍പ്പെടെയുള്ള സമുദായാംഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്നതാണ് ശതാബ്ദി സ്മാരക ജീവകാരുണ്യനിധി സമാഹരണത്തിലൂടെ യൂണിയന്‍ ലക്ഷ്യമിടുന്നതെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പങ്കജാക്ഷപ്പണിക്കരും വൈസ് പ്രസിഡന്റ് കെ.ജി.ചിന്താര്‍ മണിയും സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ നായരും പറഞ്ഞു.
ജീവകാരുണ്യനിധി ഉപയോഗിച്ച് വിദ്യാഭ്യാസ ദത്തെടുക്കല്‍, അഗതിസാന്ത്വനം, വിവാഹസഹായം, ചികിത്സാസഹായം ഭവനനിര്‍മ്മാണസഹായം എന്നീ പദ്ധതികള്‍ ശതാബ്ദിവര്‍ഷത്തില്‍ത്തന്നെ ആരംഭിക്കും. കരയോഗതലം മുതല്‍ താലൂക്ക് യൂണിയന്‍തലം വരെയുള്ള സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കും. മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുക, ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക, ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നിവയും ശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കും. എല്ലാ കരയോഗങ്ങളിലും ഒക്ടോബറിനകം ശതാബ്ദി സമ്മേളനങ്ങള്‍ നടത്തും. താലൂക്ക്തലത്തില്‍ എല്ലാ മാസവും വിവിധ സമ്മേളനങ്ങളും സെമിനാറുകളും ചര്‍ച്ചാകഌസ്സുകളും സംഘടിപ്പിക്കും. നവംബര്‍ 30നകം വിപുലമായ ശതാബ്ദിസമ്മേളനവും നടത്തുമെന്ന് അവര്‍ അറിയിച്ചു.






0 comments:
Post a Comment